twitter
    Follow Me @ Twitter :)
Latest Update

ജിന്ന്‌ സേവയും കട്ടവന്റെ കൈമുറിക്കലും


എ അബ്‌ദുസ്സലാം സുല്ലമി






``ജിന്ന്‌സേവ നടപ്പാക്കിയാല്‍ കട്ടവന്റെ കൈമുറിക്കണമെന്ന ക്വുര്‍ആനിന്റെ വിധി നടപ്പിലാക്കാന്‍ കഴിയുകയില്ല എന്നും സുല്ലമി ആശങ്കപ്പെടുന്നു. അക്കാര്യത്തില്‍ ഭയം വേണ്ട സുല്ലമീ. മോഷ്‌ടാവിനെ പിടികിട്ടിയാല്‍ മാത്രം കൈ ഛേദിച്ച്‌ കളഞ്ഞാല്‍ മതി. ഏതായാലും ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനിയെപ്പോലുള്ള പ്രഗത്ഭ പണ്ഡിതന്മാര്‍ ശബാബിലെഴുതിവെച്ചതിനെതിരില്‍ അതേ ശബാബില്‍ തന്നെ ഇപ്പോള്‍ മറ്റൊരു അല്‌പജ്ഞാനി എന്തെങ്കിലും എഴുതുകയും വേറൊരാള്‍ അത്‌ കോപ്പിയടിച്ച്‌ പ്രഭാഷണം നടത്തുകയും ചെയ്യുന്നു!! (ഇസ്വ്‌ലാഹ്‌ മാസിക -2009 ഒക്‌ടോബര്‍, പേജ്‌ 15)




= പിശാച്‌ എപ്പോഴും എവിടെയും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന്‌ വാദിക്കുന്നതിന്നായി നവയാഥാസ്ഥിതികര്‍ ഉന്നയിച്ച വാദമുഖത്തിന്റെ ബുദ്ധിശൂന്യത ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാനെഴുതിയ കാര്യങ്ങള്‍ വായനക്കാര്‍ ഒന്നുകൂടി വായിക്കുമ്പോള്‍ മേല്‍ ഉദ്ധരണിയിലൂടെ ഇവര്‍ എനിക്കെതിരില്‍ പരാമര്‍ശിച്ച കാര്യങ്ങളുടെ അര്‍ഥശൂന്യത വ്യക്തമാകും. ഞാന്‍ എഴുതിയ ഭാഗം കാണുക:
``ഈ സംഭവം ചൂണ്ടിക്കാണിച്ച്‌ നബി(സ) ഒരിക്കലും പിശാചിന്‌ യഥേഷ്‌ടം മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമെന്നും അവന്‍ നിങ്ങളുടെ ധനം മോഷ്‌ടിച്ചെടുക്കുമെന്നും അതിനാല്‍ നൂറ്‌ ശതമാനം തെളിവുകള്‍ പൂര്‍ത്തിയായാലും കളവ്‌ നടത്തിയവന്റെ കൈകള്‍ മുറിക്കാന്‍ പാടില്ലെന്നും പിശാച്‌ കൊണ്ടുപോയി ഇട്ടതാണോ എന്നുകൂടി പരിശോധിക്കണമെന്നും നബി(സ) നിര്‍ദേശിച്ചിട്ടില്ല. ഒരിക്കല്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ മറ്റൊരു മുസ്‌ലിമിന്റെ പടയങ്കി മോഷ്‌ടിച്ചു. അന്വേഷണം ശക്തിപ്പെട്ടപ്പോള്‍ അദ്ദേഹം പടയങ്കി ഒരു നിരപരാധിയായ ജൂതന്റെ വീട്ടില്‍ കൊണ്ടു പോയി ഇട്ടു. സൈന്യം പടയങ്കി ഇയാളുടെ വീട്ടില്‍ നിന്ന്‌ കണ്ടെടുക്കുകയും നബി(സ) ജൂതനെ ശിക്ഷിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. മുഹമ്മദേ! ഞാന്‍ പടയങ്കി മോഷ്‌ടിച്ചിട്ടില്ല. ആരോ എന്റെ വീട്ടില്‍ കൊണ്ടുപോയി ഇട്ടതാണെന്ന്‌ ജൂതന്‍ പറഞ്ഞിട്ടും ബാഹ്യ തെളിവുകള്‍ ഇയാള്‍ക്ക്‌ എതിരായതിനാല്‍ നബി(സ) ശിക്ഷിക്കാന്‍ തന്നെ കല്‌പിച്ചു. അവസാനം സൂറതുന്നിസാഇലെ 106 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ അവതരിപ്പിച്ച സന്ദര്‍ഭത്തിലാണ്‌ നബി(സ)ക്ക്‌ അമളി ബോധ്യമായത്‌. പിശാചിന്‌ ഹദീസില്‍ പറഞ്ഞതു പോലെ കവര്‍ച്ച ചെയ്യാന്‍ സാധിക്കുമെങ്കില്‍, ജൂതന്‍ പ്രസ്‌താവിച്ചിട്ടില്ലെങ്കില്‍ പോലും ജൂതന്റെ വീട്ടില്‍ വെച്ച്‌ പടയങ്കി ലഭിച്ചു എന്ന കാരണത്താല്‍ ശിക്ഷിക്കാന്‍ കല്‌പിക്കുമായിരുന്നില്ല. സര്‍വ കവര്‍ച്ചക്കാര്‍ക്കും രക്ഷപ്പെടാന്‍ നവയാഥാസ്ഥിതികന്മാര്‍ തെളിവുകള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്‌.'' (ജിന്ന്‌, പിശാച്‌, സിഹ്‌റ്‌: വിശ്വാസവും അന്ധവിശ്വാസവും, പേജ്‌ 80)
ഇത്രയും എഴുതിയ തെളിവുകള്‍ക്ക്‌ മറുപടി എന്ന നിലക്കാണ്‌ ``അക്കാര്യത്തില്‍ ഭയം വേണ്ട സുല്ലമീ, മോഷ്‌ടാവിനെ പിടികിട്ടിയാല്‍ മാത്രം കൈ ഛേദിച്ച്‌ കളഞ്ഞാല്‍ മതി'' എന്ന്‌ ഇവര്‍ എഴുതുന്നത്‌. തങ്ങളുടെ കൂടെയുള്ളവര്‍ തങ്ങളുടെ പ്രസംഗങ്ങള്‍ മാത്രമേ കേള്‍ക്കുകയുള്ളൂ. തങ്ങളുടെ മാസികയും വാരികയും പുസ്‌തകങ്ങളും മാത്രമേ വായിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസവും ധാരണയും ഇവര്‍ക്കുള്ളതുകൊണ്ടാണ്‌ ഇപ്രകാരമെല്ലാം എഴുതിവിടുന്നത്‌. നൂറ്‌ ശതമാനം തെളിവുകള്‍ പൂര്‍ത്തിയായാലും കളവ്‌ നടത്തിയവന്റെ കൈകള്‍ മുറിക്കാന്‍ സാധ്യമല്ലാതെ വരുമെന്ന്‌ ഞാന്‍ എഴുതിയതാണ്‌. മോഷ്‌ടാവിനെ പിടികിട്ടിയാലും സാധിക്കുകയില്ലെന്ന്‌ ഞാന്‍ തെളിവ്‌ സഹിതം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. താഴെ പറയുന്ന ജല്‌പനങ്ങളാണ്‌ നവയാഥാസ്ഥിതികര്‍ ഉന്നയിച്ചിരുന്നത്‌.
1). പിശാച്‌ ഉദ്ദേശിക്കുമ്പോള്‍ ആരുടെ രൂപത്തിലും പ്രത്യക്ഷപ്പെടാന്‍ ഏതു കാലത്തും സാധിക്കും. പ്രവാചകന്മാരുടെ കാലം, അല്ലാത്ത കാലം എന്ന വ്യത്യാസമില്ല. ഒരു ഓന്തിന്‌ നിറംമാറാനുള്ള കഴിവ്‌ പ്രകൃതിപരമായി അല്ലാഹു നല്‌കിയിട്ടുണ്ട്‌. മത്സ്യത്തിന്‌ വെള്ളത്തില്‍ ജീവിക്കാനും പക്ഷികള്‍ക്ക്‌ പറക്കാനും മനുഷ്യന്‌ സംസാരിക്കാനും തന്റെ കൈകള്‍ ചലിപ്പിക്കാനും കണ്ണുകള്‍ക്ക്‌ കാണാനും ചെവിക്ക്‌ കേള്‍ക്കാനും പ്രകൃതിപരമയ നിലക്ക്‌ കഴിവുകള്‍ നല്‌കിയതുപോലെ. അപ്പോള്‍ ഒരു മനുഷ്യന്‍ ഉദ്ദേശിക്കുമ്പോള്‍ ശബ്‌ദിക്കാനും തന്റെ വിരല്‍ ചലിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ വിരല്‍ ചലിപ്പിക്കാനും സാധിക്കുന്നതുപോലെ അവനുദ്ദേശിക്കുന്ന മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്നതാണ്‌. നവയാഥാസ്ഥിതികരുടെ ഈ വാദപ്രകാരം ഇസ്‌ലാമിലെ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധ്യമല്ല. സര്‍വ തെമ്മാടികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്യും. മോഷ്‌ടാവിനെയും വ്യഭിചാരികളെയും മോഷ്‌ടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ പിടികൂടിയാല്‍ മാത്രമല്ല, പ്രത്യുത സാക്ഷികള്‍ ഉണ്ടായാലും ബാഹ്യതെളിവുകള്‍ ഉണ്ടായാലും ശിക്ഷിക്കാന്‍ സാധ്യമല്ല. ഇരുനൂറ്‌ സാക്ഷികള്‍ ഇന്നവനാണ്‌ മോഷ്‌ടിച്ചതെന്ന്‌ സാക്ഷി നിന്നാലും അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്‌. എന്റെ രൂപത്തില്‍ പിശാച്‌ വന്ന്‌ മോഷ്‌ടിച്ചതാണ്‌, ആ രൂപത്തെയാണ്‌ ഇവരെല്ലാം ദര്‍ശിച്ചതെന്ന്‌ വാദിക്കാം. സാക്ഷികളെയും വിശ്വസിക്കാന്‍ സാധ്യമല്ല.   ഇന്നവരുടെയെല്ലാം രൂപത്തില്‍ പിശാച്‌ വന്നു സാക്ഷി നിന്നതാണെന്ന്‌ പറയാം. രാത്രി മൂന്നുമണിക്ക്‌ ഒരു സ്‌ത്രീയുടെ വീട്ടില്‍ നിന്ന്‌ ഇറങ്ങിവരുന്ന ഒരു വ്യക്തിയെ പോലീസ്‌ പിടികൂടുകയും ഒരു ദിവസം ലോക്കപ്പില്‍ വെക്കുകയും പ്രമാണിമാര്‍ ഇടപെട്ടു പുറത്തുവിടുകയും ചെയ്‌താലും പിന്നീട്‌ ഈ വ്യക്തിക്ക്‌ ശേഷം ഞാനായിരുന്നില്ല ആ മനുഷ്യന്‍, എന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു എന്റെ രൂപത്തില്‍ പിശാച്‌ പ്രത്യക്ഷപ്പെട്ടു എന്നെ അപമാനിക്കാന്‍ പ്രസ്‌തുത സ്‌ത്രീയുടെ വീട്ടില്‍ അസമയത്ത്‌ ചെല്ലുകയും അങ്ങനെ പിടികൂടുകയും മറ്റും ചെയ്‌തതാണെന്ന്‌ വാദിക്കാം.
എന്റെ പുസ്‌തകത്തില്‍ എഴുതിയ ചില കൂടി നോക്കൂ: ``ജിന്നുകള്‍ക്കും പിശാചുകള്‍ക്കും അവര്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്ന പ്രകൃതിയിലാണ്‌ സൃഷ്‌ടിച്ചതെങ്കില്‍ ഈ ലോകം അവര്‍ തകര്‍ക്കുമായിരുന്നു. ഈ ലോകത്തിന്റെ വ്യവസ്ഥ അട്ടിമറിയും. ഇസ്‌ലാമിന്റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയില്ല. സാക്ഷികള്‍ക്ക്‌ യാതൊരു പ്രസക്തിയും ഉണ്ടാവുകയില്ല. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ സാധ്യമല്ല. മനുഷ്യന്റെ കഠിനശത്രുവായ പിശാചിന്‌ ഇത്തരം കഴിവ്‌ അല്ലാഹു നല്‌കിയിട്ടില്ല. സാക്ഷികള്‍ ഉണ്ടായാല്‍ മോഷ്‌ടിച്ചവന്റെ കൈ മുറിക്കാം. കൊലയാളിയെ പ്രതിക്രിയ നടത്താം. മാസപ്പിറവി കണ്ടതായി രണ്ട്‌ സാക്ഷികള്‍ പറഞ്ഞാല്‍ നോമ്പും പെരുന്നാളും അനുഷ്‌ഠിക്കാം, വിശ്വസ്‌തനായ ഒരാള്‍ ഒരു വര്‍ത്തമാനം പറഞ്ഞാല്‍ നമുക്ക്‌ അത്‌ അംഗീകരിക്കാം. നികാഹിന്റെ മുമ്പായി ഒരാള്‍ വന്ന്‌ വധൂവരന്മാര്‍ തമ്മില്‍ മുലകുടി ബന്ധമുണ്ടെന്ന്‌ പറഞ്ഞാല്‍ അവര്‍ തമ്മില്‍ വിവാഹബന്ധം പാടില്ലെന്ന്‌ വിധിക്കാം. വസിയ്യത്തിനും കടത്തിനും ത്വലാഖിനും നികാഹിനും വിശ്വസ്‌തരായ മനുഷ്യരെ സാക്ഷിനിര്‍ത്താന്‍ അല്ലാഹു കല്‌പിക്കുന്നു. എന്നാല്‍ പിശാചിന്‌ മനുഷ്യരൂപത്തില്‍ വരാന്‍ സാധിക്കുമെങ്കില്‍ വിശ്വസ്‌തരായി നാം മനസ്സിലാക്കിയ വ്യക്തികളുടെ രൂപത്തില്‍ പിശാച്‌ വന്ന്‌ സാക്ഷി നില്‌ക്കുന്നതാണ്‌. അങ്ങനെ അവന്‍ സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌. തെമ്മാടികള്‍ രക്ഷപ്പെടും. ഞാന്‍ ആ സ്‌ത്രീയുടെ വീട്ടില്‍ പോയി അവളെ അപമാനിക്കുവാന്‍ ശ്രമിച്ചിട്ടില്ല. എന്റെ രൂപത്തില്‍ പിശാച്‌ പ്രത്യക്ഷപ്പെട്ട്‌ എന്ന്‌ അപമാനിക്കാന്‍ വേണ്ടി ചെയ്‌തതാണെന്ന്‌ പറഞ്ഞ്‌ തെമ്മാടികള്‍ക്ക്‌ രക്ഷപ്പെടാം.
പിശാചിന്‌ മനുഷ്യരൂപത്തിര്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമെങ്കില്‍ ഭരണാധികാരികളുടെ രൂപത്തില്‍ വന്ന്‌ സൈന്യങ്ങള്‍ക്ക്‌ നിര്‍ദേശം നല്‌കി എപ്പോഴും യുദ്ധങ്ങള്‍ ഉണ്ടാക്കാം. അമേരിക്കന്‍ പ്രസിഡന്റെയും മറ്റും രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌ രാസായുധം മുസ്‌ലിംരാഷ്‌ട്രങ്ങള്‍ക്ക്‌ എതിരായി പ്രയോഗിക്കാന്‍ നിരന്തരമായി കല്‌പന നല്‌കാം. പിശാചിന്‌ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമെങ്കില്‍ ഹദീസ്‌ ഗ്രന്ഥങ്ങള്‍ മുഴുവന്‍ ചുട്ടുകരിക്കേണ്ടി വരുമെന്ന്‌ ഇമാം റാസി(റ) പ്രസ്‌താവിച്ചത്‌ സത്യമാണ്‌. ഇമാം ബുഖാരി(റ) ഇന്ന മനുഷ്യന്റെ അടുത്ത്‌ ഒരു ഹദീസ്‌ ഉണ്ടെന്ന്‌ കേള്‍ക്കും. അപ്പോള്‍ അദ്ദേഹത്തെ അന്വേഷിച്ച്‌ പുറപ്പെടും. അങ്ങനെ അദ്ദേഹത്തെ കണ്ടുമുട്ടും. അദ്ദേഹത്തില്‍ നിന്ന്‌ ഹദീസ്‌ ശ്രവിച്ച ശേഷം ഉദ്ധരിക്കും. പിശാചിന്‌ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമെങ്കില്‍ പ്രസ്‌തുത നിവേദകന്റെ രൂപത്തില്‍ പിശാച്‌ വന്ന്‌ ഹദീസുകള്‍ പറഞ്ഞുകൊടുക്കും. ഹദീസിന്റെ പരമ്പരയില്‍ വരുന്ന ഒരു മനുഷ്യനെയും അയാള്‍ തന്നെയാണെന്ന്‌ നമുക്ക്‌ ഉറപ്പിക്കാന്‍ കഴിയാതെ വരും. ഒരു വിഭാഗം ഒരു സമ്മേളനം നടത്തുന്നു. മനുഷ്യരുടെ എണ്ണക്കൂടുതല്‍ അടിസ്ഥാനമാക്കി സമ്മേളനം വിജയിച്ചു എന്നു പറയുവാന്‍ സാധ്യമല്ലാതെ വരും. ഒരു ഡോക്‌ടറെ സമീപിക്കാന്‍ എങ്ങനെ സാധിക്കും...'' (പേജ്‌ 74)
2). ``പിശാചിന്‌ വളരെ ഭാരമുള്ള വസ്‌തുക്കള്‍ വരെ വഹിച്ച്‌ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയി ഇടാന്‍ സാധിക്കും'' -നവയാഥാസ്ഥിതികരുടെ മറ്റൊരു വാദമാണിത്‌. ഇപ്രകാരം പ്രകൃതിപരമായ കഴിവ്‌ അല്ലാഹു പിശാചിന്‌ നല്‌കയിട്ടുണ്ടെങ്കില്‍ കട്ടവന്റെ കൈ മുറിക്കാന്‍ ഒരിക്കലും സാധ്യമല്ല. ബുദ്ധി ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക്‌ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു ഗ്രഹിക്കാന്‍ സാധിക്കും. ഇതുകൊണ്ടാണ്‌ ബുദ്ധി ഉപയോഗിക്കാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നതെല്ലാം അപ്പടി വിശ്വസിക്കണമെന്നും ഇവര്‍ ജല്‌പിക്കുന്നത്‌. പാപഭാരം പരലോകത്ത്‌ ഇവര്‍ ഏറ്റെടുക്കുമെന്നും ജല്‌പിക്കുന്നു! ഇമാം റാസി(റ) സൂറത്ത്‌ സ്വാദിലെ 34-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ സത്യം ശരിക്കും ആഴത്തില്‍ ഗ്രഹിച്ച പണ്ഡിതന്മാര്‍ പറയുന്നു എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഞാന്‍ ഇത്രയും എഴുതിയ ആശയങ്ങള്‍ ഉദ്ധരിച്ച്‌ അംഗീകരിക്കുന്നതായി കാണാന്‍ സാധിക്കും. (റാസി 13:209).
ഇമാം റശീദുറിദാ(റ) സൂറത്ത്‌ ഫലഖിന്റെ ആഖ്യാനത്തില്‍ എഴുതുന്നു: പിശാചിന്‌ മനുഷ്യന്റെ മേല്‍ വസ്‌വാസ്‌ ഉണ്ടാക്കാന്‍ മാത്രമാണ്‌ സാധിക്കുക. പിശാച്‌ ശരീരത്തില്‍ കൂടും, മനുഷ്യരൂപത്തില്‍ വരും, മനുഷ്യരെ ഉപദ്രവിക്കുകയും അവര്‍ക്ക്‌ ഉപകാരം ചെയ്‌തുകൊടുക്കുകയും ചെയ്യും മുതലായ വാദങ്ങള്‍ എല്ലാം തന്നെ മനുഷ്യരില്‍ പെട്ട പിശാചുക്കളുടെയും ദജ്ജാലുകളുടെയും കളവും കുതന്ത്രങ്ങളുമാണ്‌ (അമ്മജുസ്‌അ്‌, പേജ്‌ 141). മതത്തില്‍ ബുദ്ധിയുടെ സ്ഥാനവും ബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട്‌ അല്‍മനാറില്‍ തന്നെ വന്ന പരാമര്‍ശം ഇവര്‍ കണ്ണുതുറന്നു വായിക്കേണ്ടതാണ്‌. അതിനപ്പുറം യാതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ള വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണ്‌. അല്‍മനാറിലെ ഉദ്ധരിണി കാണുക:   ``എന്നാല്‍ ബുദ്ധിയാണ്‌ ശരി അല്ലെങ്കില്‍ ബുദ്ധി ശരിയാണ്‌ എന്ന്‌ പറയുമ്പോള്‍ ഓരോരുത്തരുടെ ബുദ്ധിയും പരമമായ ശരിയിലാണെത്തുക എന്നര്‍ഥമാക്കാന്‍ പാടില്ല. മനുഷ്യബുദ്ധിയെ ഒരു യൂനിറ്റായി എടുക്കുകയാണെങ്കില്‍ അതിന്നെതിരില്‍ മതവിധിയുണ്ടാവുകയില്ല. രണ്ടിന്റെയും ഉറവിടം ഒന്നാണ്‌. അതാണല്ലാഹു.'' (അല്‍മനാര്‍ മാസിക -2002 ഏപ്രില്‍, പേജ്‌ 57)




0 comments:

Post a Comment

എന്ത് പറയാനുണ്ട്?
Any Comments??


Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും മറുവാദങ്ങളും സഭ്യമായിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവ പ്രസിദ്ധീകരിക്കുകയില്ല.

ഓർക്കുക:
കമെന്റ് മോഡറേഷൻ ഉള്ളതു കൊണ്ട് നിങ്ങൾ പബ്ലിഷ് ചെയ്ത ഉടനെ ബ്ലോഗിൽ കാണുകയില്ല.

Related Posts with Thumbnails

"Twitter" via Nizhal

Latest Upadates

« »
 
അനുബന്ധ വാര്‍ത്തകളും ചിത്രങ്ങളും കുറിപ്പുകളും ഈ ബ്ലോഗിലൂടെ പരസ്യപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍,
nizhalu@gmail.com
മെയിലില്‍ അയക്കുക. അയക്കുന്നയാളുടെ പേരുവിവരം പരസ്യപ്പെടുത്തണം
എന്ന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകം അറിയിക്കുക.
-നിഴല്‍; നിങ്ങളോടൊപ്പമുണ്ട്!